സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ ശക്തമായ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലും, മറ്റെന്നാൾ എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴയോടൊപ്പം തന്നെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.