രാജ്യത്തെ വോട്ടര്‍ പട്ടികയിൽ ബിജെപിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വൻ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ, ജനകീയ ക്യാംപയിനുമായി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊള്ള തടയുന്നതിനായി പ്രത്യേകം വെബ് സൈറ്റ് തുടങ്ങി. വോട്ട് ചോരി ഡോട്ട് ഇന്‍ എന്നാണ് സൈറ്റിൻ്റെ പേര്. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടുന്നതിനും ജനങ്ങൾക്ക് അറിവുള്ള ക്രമക്കോടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് വെബ്‌സൈറ്റ് ആരംഭിച്ചത്.
വോട്ടര്‍ പട്ടികയുടെ സുതാര്യതയ്ക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിറ്റല്‍ വോട്ടര്‍ പട്ടിക നല്‍കണം. രാഹുല്‍ ഗാന്ധിയുടെ ഈ ആവശ്യത്തിന് പൊതുജനങ്ങള്‍ക്ക് പിന്തുണ അറിയിക്കാനും വെബ്‌സൈറ്റിലൂടെ സാധിക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പുറത്തുവിട്ട രേഖകളുടെ പകര്‍പ്പുകള്‍ വെബ്‌സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സ്വന്തം അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സൗകര്യമുണ്ട്. സൈറ്റില്‍ നല്‍കിയിരിക്കുന്ന നമ്പറിലേക്ക് മിസ്ഡ് കാള്‍ നല്‍കി എല്ലാവര്‍ക്കും ഈ ക്യാംപയിനില്‍ പങ്കുചേരാം. പിന്തുണ അറിയിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും