2010-ൽ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി (NIA). 14 വർഷമായി ഒളിവിലായിരുന്ന കേസിലെ പ്രതി സവാദിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വിപുലീകരിക്കുന്നത്. ദീർഘകാലം ഒളിവിൽ കഴിയാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ സഹായം ലഭിച്ചു എന്നാണ് സവാദ് എൻ.ഐ.എക്ക് മൊഴി നൽകിയിരിക്കുന്നത്. കേരളത്തിലെ പന്തിരിമലയിലും കണ്ണൂരിലും ഒളിവിൽ കഴിയാൻ സവാദിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായം ലഭിച്ചിട്ടുണ്ട്. ഈ കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു. എന്നാൽ, സവാദിൻ്റെ വിചാരണ വൈകിപ്പിക്കാനുള്ള എൻ.ഐ.എയുടെ മനഃപൂർവ്വമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ നിലപാടെടുത്തിരുന്നു. 2010-ൽ നടന്ന സംഭവത്തിലെ ആദ്യഘട്ട വിചാരണയിൽ കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.