തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുകയും അന്തിമ ചിത്രം തെളിയുകയും ചെയ്യുമ്പോൾ വിമത ശല്യത്തിൽ നട്ടം തിരിയുകയാണ് മുന്നണികൾ. തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളില്‍ യുഡിഎഫിന് ഒന്‍പതിടത്താണ് വിമതശല്യം. തിരുവനന്തപുരത്ത് എല്‍ഡിഎഫിനെ അഞ്ചു വിമതന്മാരാണ് വെല്ലുവിളിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ രണ്ട് കോൺഗ്രസ് വിമതര്‍ പിന്മാറിയപ്പോൾ സി.പി.ഐ.എം വിമതർ എല്ലാം മത്സരത്തിൽ ഉറച്ചുനിന്നു. സീറ്റ് ലഭിക്കാത്തതിനെതുടർന്ന് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ അഞ്ചിടത്ത് ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. നെടുമങ്ങാട് നഗരസഭയിൽ ബി.ജെ.പിക്ക് വിമത സ്ഥാനാർഥിയുണ്ട്. സീറ്റ് ലഭിക്കില്ലെന്ന ആശങ്കയിൽ ജീവനൊടുക്കാൻ ശ്രമിച്ച ശാലിക്കെതിരെയാണ് വിമത.
കൊച്ചി കോര്‍പറേഷനില്‍ മുന്‍ ഡപ്യൂട്ടി മേയര്‍ കെ.ആര്‍.പ്രേംകുമാര്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് യുഡിഎഫ് വിമതന്മാര്‍. മുന്‍ ബ്ലോക് പ്രസിഡന്‍റ് ശശി കുമാര്‍ പത്രിക പിന്‍വലിച്ചതുമാത്രമാണ് ആശ്വാസം. ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷ ശ്യാമള എസ് പ്രഭു ചെറളായി ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. പല്ലാരിമംഗലത്ത് സിപിഐഎം വിമതന്‍ ഒ.ഇ അബ്ബാസും മല്‍സരിക്കും.
പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി വിപിന്‍ ബേബി വിമതനായി മല്‍സരിക്കും. അടൂര്‍ നഗരസഭയില്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം 3 സിപിഐഎം വിമതരും മല്‍സരിക്കും.
ആലപ്പുഴ നഗരസഭയില്‍ ഇടത് സ്ഥാനാര്‍ഥിക്കെതിരെ സിപിഐഎം വിമത മല്‍സരിക്കും. കളപ്പുര വാർഡിൽ യുഡി എഫ് സ്ഥാനാർഥി ബെന്നി ജോസഫിനെതിരെ കോൺഗ്രസ് വിമതൻ രാജു താന്നിക്കൽ മല്‍സരിക്കും. രാമങ്കരിയിൽ LDF ന് പുറത്ത് നിന്ന് CPI , അഞ്ച് വാർഡുകളിൽ സ്വന്തം ചിഹ്നത്തിലും ഒരു വാർഡിൽ സി പി ഐ സ്വതന്ത്രയും മൽസരിക്കും.
തൃശൂർ കോർപറേഷനിൽ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിനും ബിജെപിക്കും ഒന്ന് വീതം വിമതരുണ്ട്. കട്ടപ്പന നഗരസഭയിലെ 10 വാർഡുകളിൽ വിമതർ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയെ തുടർന്ന് ആറ് വാർഡുകളിലെ പത്രിക അവസാന നിമിഷം പിൻവലിച്ചു.
വയനാട്ടില്‍ കോണ്‍ഗ്രസിന് ആശ്വാസമായി വിമതന്‍ ജഷീര്‍ പള്ളിവയല്‍ പത്രിക പിന്‍വലിച്ചു.
കോഴിക്കോട് ഫറോക്കില്‍ മൂന്ന് യുഡിഎഫ് വിമതരും പത്രിക പിന്‍വലിച്ചു. വടകര നഗരസഭയില്‍ ആര്‍എംപിക്കും വിമതശല്യമുണ്ട്. നാദാപുരത്ത് സിപിഐഎം – സിപിഐ മല്‍സരം ഒഴിവായി. സിപിഐ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു.