ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മഹാദേവ്പുര മണ്ഡലത്തിലടക്കം വോട്ടര്‍പട്ടികയില്‍ ബിജെപി നേതൃത്വത്തിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന നിയമവകുപ്പിനാണ് അന്വേഷണ ചുമതല. ക്രമക്കേട് നടന്നത് എവിടെയെല്ലാമാണെന്നും എങ്ങനെയാണെന്നും പരിശോധിക്കും. മുന്‍വര്‍ഷങ്ങളിലെ അടക്കം വോട്ടര്‍പട്ടികകളും രാഹുല്‍ ഗാന്ധി പുറത്ത് വിട്ട രേഖകളും ഒത്തുനോക്കി പരിശോധിക്കാനാണ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിനല്ല, മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ടര്‍ പട്ടികയുടെ മേല്‍ അവകാശവും നിയന്ത്രണവും ഉള്ളത്. അതിനാല്‍ വോട്ടര്‍ പട്ടികയുടെ പരിശോധന വേഗത്തിലാക്കാന്‍ അഡ്വക്കേറ്റ് ജനറലിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രാഹുലിന്റെ ആരോപണത്തില്‍ അന്വേഷണം തുടങ്ങിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.