കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കാരണം കാണിക്കൽ നോട്ടിസിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. ഇ.ഡിയുടെ നടപടി ശുദ്ധ രാഷ്ട്രീയക്കളിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയ കേസ് കുത്തിപ്പൊക്കി പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കിഫ്ബിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും തോമസ് ഐസക് പറഞ്ഞു. ആർ.ബി.ഐയുടെ എല്ലാ അനുമതികളോടും കൂടിയാണ് മസാല ബോണ്ട് ഇറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ഡി ബി.ജെ.പിക്ക് പാദസേവ ചെയ്യുകയാണെന്നും യു.ഡി.എഫ് ഇതിന് കൂട്ടുനിൽക്കുന്നത് ലജ്ജാകരമാണെന്നും തോമസ് ഐസക് വിമർശിച്ചു. കിഫ്ബിക്കെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് തിരിച്ചറിഞ്ഞ് നിലപാടെടുക്കാൻ യു.ഡി.എഫ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഫ്ബി നിയമം യു.ഡി.എഫും കൂടി ചേർന്ന് നിയമസഭയിൽ പാസാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.