Share this Article
News Malayalam 24x7
ശബരിമല സ്വർണ്ണ കവർച്ചാ കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
A. Padmakumar

ശബരിമല സ്വർണ്ണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിന്റെ ഭാഗമായ 'ദ്വാരപാലക' വിഗ്രഹവുമായി ബന്ധപ്പെട്ട കേസിലാണ് പത്മകുമാർ ഇപ്പോൾ ജാമ്യം തേടിയിരിക്കുന്നത്.

റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ, നിയമപരമായ 'സ്വാഭാവിക ജാമ്യത്തിനായാണ്' (Statutory Bail) അദ്ദേഹം കോടതിയെ സമീപിച്ചത്. നേരത്തെ കേസിലെ മറ്റൊരു ഭാഗമായ 'കട്ടിലപ്പാളി' കേസിൽ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇന്നത്തെ ഹർജിയിൽ കൂടി അനുകൂല വിധി ഉണ്ടായാൽ പത്മകുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കും.


നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിക്കാത്തതാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ ഇടയാക്കുന്നത്. ഇത് വിജിലൻസിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. കേസിൽ ഇതുവരെ പത്മകുമാറിനെ കൂടാതെ മറ്റ് ഏഴ് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.


ശബരിമലയിലെ സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് തന്നെ പ്രതിസ്ഥാനത്ത് വന്നത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇന്നത്തെ കോടതി വിധി കേസിന്റെ തുടർനീക്കങ്ങളിൽ നിർണ്ണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories