മെക്സിക്കോയിലെ സാൻ മാറ്റിയോ അറ്റൻകോയിൽ ഒരു സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണ് ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടോലൂക്ക വിമാനത്താവളത്തിന് സമീപം സാൻ മാറ്റിയോ അറ്റൻകോയിലെ ഒരു വ്യാവസായിക മേഖലയിലാണ് വിമാനം തകർന്നു വീണത്. അക്കാപുൽക്കോയിൽ നിന്ന് ടോലൂക്ക വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന സ്വകാര്യ ജെറ്റാണ് തകർന്നത്.
വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗിന് ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി സമീപത്തെ വ്യാവസായിക കേന്ദ്രത്തിലെ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വിമാനം കത്തുകയും വലിയ തോതിൽ പുക ഉയരുകയും ചെയ്തു. വിമാനത്തിൽ 8 യാത്രക്കാരും 2 ജീവനക്കാരും ഉൾപ്പെടെ ആകെ 10 പേർ ഉണ്ടായിരുന്നു.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേർ മരിച്ചതായി നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടന്ന വ്യാവസായിക പ്രദേശത്തുണ്ടായിരുന്ന ഏകദേശം 130 ഓളം പേരെ അധികൃതർ ഉടൻ തന്നെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.