ബംഗളൂരു: ബംഗളൂരുവിൽ കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആചാര്യ കോളേജിലെ അവസാന വർഷ ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്‌മെന്റ് (ബിബിഎം) വിദ്യാർഥിനിയായ ദേവിശ്രീ ( 21) യാണ് മരിച്ചത്.
മാനസ എന്ന യുവതി വാടകയ്‌ക്കെടുത്ത മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.യുവതിയെ കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. കേസിൽ പ്രേം വർധൻ എന്ന യുവാവിനെയാണ് പൊലീസ് സംശയിക്കുന്നത്.
ഞായറാഴ്ച രാവിലെ 9:30-ഓടെ മുറിയിലെത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ തങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇതിനുശേഷം പ്രേം മുറി പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ആന്ധ്രാപ്രദേശ് സ്വദേശിയും നിലവിൽ ബെംഗളൂരുവില്‍ താമസക്കാരനുമായ 23 വയസ്സുകാരൻ ജയന്ത് ടി മദനായകനഹള്ളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിലുള്ള പ്രേം വർധനുവേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.