വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ എം.എൽ.എ. കെ.എസ്. ശബരീനാഥനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. കവടിയാർ വാർഡിൽ നിന്നാകും അദ്ദേഹം ജനവിധി തേടുക.കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായി ശബരീനാഥനെ ഉയർത്തിക്കാട്ടാനാണ് പാർട്ടിയുടെ തീരുമാനം.
ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള കോർപ്പറേഷനിൽ ജനകീയരും മുതിർന്നവരുമായ നേതാക്കളെ മത്സരിപ്പിക്കണമെന്ന എ.ഐ.സി.സി. നിർദേശത്തെ തുടർന്നാണ് ശബരീനാഥനെ കളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ശബരീനാഥന്റെ സ്വന്തം വാർഡായ ശാസ്തമംഗലം വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത കവടിയാർ വാർഡിൽ മത്സരിക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിൽ പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്. ശബരീനാഥനെപ്പോലൊരു പ്രമുഖ നേതാവിനെ കോൺഗ്രസ് രംഗത്തിറക്കുന്നത്. ഈ നീക്കം നഗരത്തിലെ യുവാക്കളെയും വിദ്യാസമ്പന്നരെയും ആകർഷിക്കുമെന്നും പൊതു സ്വീകാര്യത വർദ്ധിപ്പിക്കുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. പ്രമുഖരായ മറ്റ് നേതാക്കളെയും മത്സരത്തിനിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്.
101 വാർഡുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ ത്രികോണ മത്സരം ശക്തമാക്കാനും കുറഞ്ഞത് 40 സീറ്റുകളെങ്കിലും നേടി അധികാരം തിരിച്ചുപിടിക്കാനും യു.ഡി.എഫ്. ലക്ഷ്യമിടുന്നു.