കേന്ദ്രത്തിലെ ബിജെപി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടരുന്നു. ബിഎംഎസ് ഒഴികെ 10 സംഘടനകളാണ് പണിമുടക്കുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും പണിമുടക്ക് ബന്ദിന് സമാനമായി. സ്വകാര്യബസ്സുകളും കെഎസ്ആർടിസി ബസുകളും ഓടുന്നില്ല. സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ഡ്രൈവർമാരെ സമരാനുകൂലികൾ തടഞ്ഞു. ചിലയിടങ്ങളിൽ ജോലിക്കെത്തിയവരുടെ വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടു. സര്‍ക്കാരും കെഎസ്ആര്‍ടിസിയും ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓഫീസുകളിൽ ഹാജർനില വളരെ കുറവാണ്. മിക്കയിടങ്ങളിലും കാറുകൾ അടക്കമുള്ള സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടുന്നുണ്ട്. സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരിക്കുകയാണ്.