ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ പാളം തെറ്റിക്കാന്‍ ശ്രമം. ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍. യുപിയിലെ ഹാര്‍ദോയ്-ലഖ്നൗ റെയില്‍ റൂട്ടിലെ ദലേല്‍നഗര്‍, ഉമര്‍താലി സ്‌റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് അട്ടിമറി ശ്രമം. റെയില്‍വേ ട്രാക്കില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമം നടന്നത്. രാജധാനി എക്‌സ്പ്രസും, കത്‌ഗോടം എക്‌സ്പ്രസും കടന്നുപോകുന്ന സമയത്താണ് ട്രാക്കില്‍ മരത്തടികള്‍ കണ്ടെത്തിയത്.
രാജധാനി എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റ് ട്രാക്കിലെ തടസ്സം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അടിയന്തര ബ്രേക്കുകള്‍ പ്രയോഗിച്ച് ട്രെയിന്‍ നിര്‍ത്തുകയും മരക്കഷണവും എര്‍ത്തിംഗ് വയറും നീക്കം ചെയ്ത് റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ട്രെയിന്‍ പത്ത് മിനിറ്റോളം വൈകിയാണ് യാത്ര പുനരാരംഭിച്ചത്. റെയില്‍വേ വകുപ്പ്, ഗവണ്‍മെന്റ് റെയില്‍വേ പൊലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് , ലോക്കല്‍ പോലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.