Share this Article
News Malayalam 24x7
സമൂഹമാധ്യമത്തിൽ നിന്ന് പിന്‍വലിച്ച RSS ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ
വെബ് ടീം
2 hours 19 Minutes Ago
1 min read
RAILWAY

തിരുവനന്തപുരം: സമൂഹമാധ്യമമായ എക്സില്‍ നിന്ന് പിന്‍വലിച്ച ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ. ഗണഗീതത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്താണ് പുതിയ പോസ്റ്റ്. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ​ഗണ​ഗീതം പാടുന്ന വീഡിയോ നേരത്തെ ദക്ഷിണ റെയിൽവേ എക്സില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എറണാകുളം സൗത്ത്- ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിനാണ് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചത്. ഇതാണ് ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും പിന്നീട് പിന്‍വലിക്കുകയും ഇപ്പോൾ വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തത്.

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്.ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർ.എസ്.എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വർത്തിച്ച റെയിൽവേയാണ് ഇന്നിപ്പോൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആർ.എസ്.എസിന്റെ വർഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ സൂചിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories