ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 390 ആയി. കണ്ടി ജില്ലയിലാണ് ഏറ്റവും കൂടുതൽ ആൾനാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രീലങ്കൻ സർക്കാർ പ്രത്യേക പ്രളയ ഫണ്ട് രൂപീകരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഫണ്ട് സ്വരൂപിക്കുകയെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഓഫീസ് അറിയിച്ചു.
രാജ്യത്ത് 13 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. നിലവിൽ രണ്ട് ലക്ഷത്തിലധികം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. അതിനിടെ, ദുരിതബാധിതരായ ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ രംഗത്തുണ്ട്. 'ഓപ്പറേഷൻ സാഗർ ബന്ധു' എന്ന പേരിൽ നവംബർ 28-ന് ആരംഭിച്ച ദൗത്യത്തിലൂടെ 53 ടൺ അവശ്യസാധനങ്ങളാണ് ഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചത്.
ശ്രീലങ്കയിൽ കുടുങ്ങിക്കിടന്ന രണ്ടായിരത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും വിദേശകാര്യ മന്ത്രാലയത്തിന് സാധിച്ചു. ശ്രീലങ്കയ്ക്ക് ആവശ്യമായ സഹായങ്ങൾ തുടരുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.