മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ പ്രദേശവാസികൾക്ക് നിർണായക ആശ്വാസം. തർക്കഭൂമിയിലെ കൈവശക്കാർക്ക് കരം ഒടുക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കേസിൽ അന്തിമ വിധി വരുന്നത് വരെ കൈവശക്കാരിൽ നിന്ന് കരം സ്വീകരിക്കാൻ റവന്യൂ വകുപ്പിന് കോടതി നിർദ്ദേശം നൽകി.
മുനമ്പത്തെ 650-ഓളം കുടുംബങ്ങൾക്കാണ് കോടതി വിധി ആശ്വാസമാകുന്നത്. വഖഫ് തർക്കത്തെത്തുടർന്ന് കരം ഒടുക്കാൻ സാധിക്കാത്തതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കുന്നതിനടക്കം നിരവധി റവന്യൂ ആവശ്യങ്ങൾക്ക് തടസ്സം നേരിട്ടിരുന്നു. വസ്തുവിന്റെ ക്രയവിക്രയങ്ങൾക്കും തടസ്സമുണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവോടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടും.
2019-ൽ വഖഫ് ബോർഡ് ഈ ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്യുകയും 2022-ൽ നോട്ടീസ് നൽകുകയും ചെയ്തതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. വഖഫ് സംരക്ഷണ സമിതി നിയമപരമായി നീങ്ങിയതോടെ കൈവശക്കാരുടെ റവന്യൂ അവകാശങ്ങൾ മരവിപ്പിക്കപ്പെടുകയായിരുന്നു. ഇതിനെതിരെ മുനമ്പം ഭൂസംരക്ഷണ സമിതി നൽകിയ ഹർജിയിലാണ് ഇപ്പോൾ അനുകൂലമായ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. സുപ്രീം കോടതിയിലും വഖഫ് ട്രൈബ്യൂണലിലും കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.