ശബരിമലയിലെ വാതിലിന്റെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയതായി കണ്ടെത്തൽ. സ്വർണ്ണം പൂശിയ വാതിൽ ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ എത്തിച്ച് പ്രദർശിപ്പിച്ച് പൂജ നടത്തുകയും, ഈ പൂജയിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുകയും ചെയ്തതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ വിജിലൻസ് നാളെ ചോദ്യം ചെയ്യും.
ശബരിമലയിലെ നടക്കാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി, പുതിയ ഒരു വാതിൽ പണിത് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോളാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വമേധയാ സ്വർണ്ണം പൊതിഞ്ഞ ഒരു വാതിൽ നിർമ്മിച്ച് നൽകാൻ തയ്യാറായത്.എന്നാൽ വാതിൽ നേരിട്ട് ശബരിമലയിൽ എത്തിക്കുന്നതിന് പകരം, ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ എത്തിച്ച്, അവിടെ പ്രദർശിപ്പിച്ച് പൂജകൾ നടത്തുകയും, സിനിമാ മേഖലയിലെ ആളുകളെ പങ്കെടുപ്പിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തതായാണ് ആരോപണം.
ഈ വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നേരത്തെ തന്നെ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. സ്വർണ്ണപ്പാളികൾ, കാണാതായ പീഠം എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
നാളെ ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യാനും മറ്റ് സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. പമ്പാ പൊലീസ് സ്റ്റേഷനിലെത്തിയാണ് ക്രൈം നടന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നത്.ഈ സംഭവങ്ങൾ ദേവസ്വം ബോർഡിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.