ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ക്ഷണമില്ല. അതേസമയം കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം ലഭിക്കുകയും ചെയ്തു.
തനിക്ക് ക്ഷണം ലഭിച്ചതായും ചടങ്ങില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ പ്രതികരിച്ചു. 'പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തതിനെക്കുറിച്ച് എനിക്കറിയില്ല, ക്ഷണം നല്‍കിയതിന്റെ അടിസ്ഥാനമെന്താണെന്നും എനിക്കറിയില്ല' തരൂര്‍ പറഞ്ഞു. തനിക്ക് ക്ഷണം ലഭിച്ചതില്‍ 'സന്തോഷമുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് വൈകീട്ടാണ് രാഷ്ട്രപതി ഭവനില്‍ റഷ്യന്‍ പ്രസിഡന്റിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഔദ്യോഗിക വിരുന്ന് നടത്തുന്നത്.
ശശി തരൂരിന് ക്ഷണം ലഭിക്കുകയും പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമില്ലാതിരിക്കുകയും ചെയ്ത നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. 'നേതാക്കളെ തഴഞ്ഞുകൊണ്ട് ഞങ്ങളെ ക്ഷണിച്ചിരുന്നെങ്കിലും ഞങ്ങളാരും അതില്‍ പങ്കെടുക്കില്ലായിരുന്നു'വെന്ന് തരൂരിനെ ലക്ഷ്യംവെച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.