വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള ശക്തമായ പട്ടികയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ആര്‍.എസ്.എസ് ഉൾപ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ താല്‍പ്പര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്‍ഡിഎയുടെ സീറ്റ് വിഭജന ചര്‍ച്ചകളും അവസാന ഘട്ടത്തിലാണ്.
ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുമെന്ന് കരുതുന്ന പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആര്‍എസ്എസിന്റെ പ്രത്യേക താല്‍പ്പര്യം കൂടി കണക്കിലെടുത്താണ് ശോഭയെ പാലക്കാട്ടേക്ക് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തില്‍ ഇത്തവണ വിജയം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഇവിടെ എല്‍ഡിഎഫിനായി പി. സരിന്‍ മത്സരിക്കുമ്പോള്‍, രമേഷ് പിശാരടി അല്ലെങ്കില്‍ സന്ദീപ് വാര്യര്‍ എന്നിവരിലൊരാളെയാകും യുഡിഎഫ് രംഗത്തിറക്കുക. ഇതോടെ പാലക്കാട് കടുത്ത ത്രികോണ മത്സരത്തിന് വേദിയാകും.
തിരുവനന്തപുരം ജില്ലയിലെ പ്രധാന മണ്ഡലങ്ങളില്‍ ദേശീയ-സംസ്ഥാന നേതാക്കളെയാണ് ബിജെപി അണിനിരത്തുന്നത്. നേമത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് വി. മുരളീധരനും, കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും ജനവിധി തേടും. വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പേരാണ് ബിജെപി പരിഗണിക്കുന്നത്. ആറന്‍മുളയില്‍ എം.ടി. രമേശും തിരുവല്ലയില്‍ അനൂപ് ആന്റണിയും സ്ഥാനാര്‍ത്ഥികളാകും.
കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇതിനകം തന്നെ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ കെ. പത്മജ മത്സരിക്കാനുള്ള സാധ്യതയും ഏറെയാണ്. സംസ്ഥാനത്ത് ആകെ അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. വരുംദിവസങ്ങളിൽ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗിക പട്ടിക പുറത്തുവിടും.