വരാനിരിക്കുന്ന ഭരണമാറ്റം ലക്ഷ്യമിട്ട് രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നതിനിടെ, കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ഗ്രൂപ്പ് പോര് കടുക്കുന്നു. അധികാരത്തിലേറാനുള്ള സാധ്യതകൾ തെളിയുമ്പോഴും പാര്‍ട്ടിക്കുള്ളിലെ പ്രമുഖ നേതാക്കള്‍ക്കിടയിലുള്ള അധികാര തര്‍ക്കം യു.ഡി.എഫ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസിലെ നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ കെ.സി. വേണുഗോപാല്‍ വിഭാഗത്തിന്റെ നിലപാട് ഏറെ നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഈ വിഭാഗം ആരെ പിന്തുണയ്ക്കുമെന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ വലിയ ആകാംക്ഷയും ചർച്ചകളും നിലനില്‍ക്കുന്നുണ്ട്. സ്വന്തം ഗ്രൂപ്പ് താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകാനാണ് വിവിധ വിഭാഗങ്ങളുടെ ശ്രമം.
കോണ്‍ഗ്രസിനുള്ളിലെ ഈ ആഭ്യന്തര കലഹം യു.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയിലും ആശങ്കയുണ്ടാക്കുന്നുണ്ട്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുന്നണിയുടെ ഐക്യത്തെ ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുമുണ്ട്. വിഷയത്തിൽ ഹൈക്കമാന്‍ഡ് എത്രത്തോളം ഇടപെടും എന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ കോണ്‍ഗ്രസ് രാഷ്ട്രീയം.
അധികാരത്തിലേറാനുള്ള അനുകൂല സാഹചര്യം ഒരുങ്ങിയിരിക്കെ, പാര്‍ട്ടിക്കുള്ളിലെ ഈ വിഭാഗീയത തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് അണികൾ. വിഷയത്തിൽ അടിയന്തരമായി സമവായമുണ്ടാക്കാൻ മുതിര്‍ന്ന നേതാക്കള്‍ ഉടൻ രംഗത്തിറങ്ങിയേക്കുമെന്നാണ് സൂചന.