വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് ഹരിയാനയിലെ വിവരങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം അട്ടിമറിച്ചത് 'ഓപ്പറേഷൻ സർക്കാർ ചോരി' എന്ന രഹസ്യ ദൗത്യത്തിലൂടെയാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ നുണ പറയുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
രാഹുൽ ഗാന്ധി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകൾ നടന്നിട്ടുണ്ട്. ഇതിൽ 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകളും, 93,174 വ്യാജ അഡ്രസുകളിലെ വോട്ടുകളും, 19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകളും ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പിന് മുൻപ് 3.5 ലക്ഷം വോട്ടുകൾ നീക്കം ചെയ്തതായും അദ്ദേഹം ആരോപിച്ചു. ഒരു യുവതിക്ക് 10 ബൂത്തുകളിലായി 22 തവണ വോട്ട് രേഖപ്പെടുത്തിയെന്നും, ഒരേ വോട്ടർ ഐഡിയിൽ ഒരു ബ്രസീലിയൻ മോഡലിന്റെ ചിത്രം വെച്ച് പ്രചാരണം നടത്തിയെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.
ഒരു വിലാസത്തിൽ 500-ലധികം വോട്ടർമാരുള്ളതായും, ഒരേ വീട്ടിൽ 66 പേർ താമസിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ള വിലാസം ഒരു ബിജെപി നേതാവിന്റേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടർമാരെക്കുറിച്ചുള്ള വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ മറച്ചുവെച്ചതായും രാഹുൽ ഗാന്ധി ആരോപിച്ചു. ലോക്സഭയിൽ വോട്ട് ചെയ്ത പല വോട്ടർമാർക്കും നിയമസഭയിലേക്ക് വോട്ടില്ലെന്നും, ഇതിനെല്ലാം കൃത്യമായ തെളിവുകളുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഈ വെളിപ്പെടുത്തലുകൾ രാജ്യത്ത് തിരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.