Share this Article
KERALAVISION TELEVISION AWARDS 2025
കേരള സർകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം; പ്രതിഷേധവുമായി എസ്എഫ്‌ഐയും കെഎസ്‌യുവും
വെബ് ടീം
posted on 25-06-2025
1 min read
SENATE

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിന്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ സമയം സര്‍വകലാശാലയുടെ പുറത്ത് ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകള്‍ അണിനിരന്നു.സർവ്വകലാശാല കവാടത്തിനു മുന്നിൽ  ബാനർ ഉയർത്തിയായിരുന്നു എസ്എഫ്ഐ പ്രതിഷേധം.ആർഎസ്എസിന്റെ തറവാട് സ്വത്തല്ല രാജഭവൻ  എന്നെഴുതിയായിരുന്നു  ബാനർ.

സ്ഥലത്ത് പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽ കണ്ട് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അസിസ്റ്റന്റ്റ് പൊലീസ് കമ്മീഷ്ണർ ഉൾപ്പടെയുള്ളവർ സ്ഥലത്തുണ്ട്.

ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പതിവുപോലെ കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രവും നിലയുറച്ചു. ബിജെപി നേതാക്കാളായ വി വി രാജേഷ്, പി കെ കൃഷ്ണദാസ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഭാരതാംബ ചിത്രവിവാദം ഉയര്‍ന്നതോടെ നിലപാട് കടുപ്പിച്ച് സര്‍ലകലാശാല രജിസ്ട്രാര്‍ രംഗത്തെത്തി. ചിത്രം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് എതിരാണെന്നും നിയമാവലിയില്‍ അത് പ്രതിപാദിച്ചിട്ടുണ്ടെന്നും രജിസ്ട്രാര്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കുമെന്ന് സംഘാടകര്‍ ഒപ്പിട്ടു നല്‍കിയിരുന്നു. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്നും രജിസ്ട്രാര്‍ നിലപാട് വ്യക്തമാക്കി. ഈ സമയം തന്നെ സര്‍വകലാശാലയുടെ പരിസരത്ത് എസ്എഫ്‌ഐയും കെഎസ്‌യുവും ശക്തമായ പ്രതിഷേധം നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories