തലസ്ഥാന നഗരമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് വാഹനങ്ങൾക്ക് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബിഎസ് 6 നിലവാരത്തിൽ താഴെയുള്ള വാഹനങ്ങൾക്ക് നവംബർ 1 മുതൽ ഡൽഹിയിൽ പ്രവേശനമില്ലെന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്റ് അറിയിച്ചു. ചരക്ക് വാഹനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തിലാണ് എയർ ക്വാളിറ്റി മാനേജ്‌മെന്റ് ഈ കടുത്ത തീരുമാനം കൈക്കൊണ്ടത്. ബിഎസ് 4 നിലവാരം പാലിക്കുന്ന വാഹനങ്ങൾക്ക് 2026 ഒക്ടോബർ 31 വരെ മാത്രമേ ഡൽഹിയിൽ അനുമതിയുള്ളൂ. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്, സിഎൻജി വാഹനങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.
വർഷാവസാനം ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകാറുണ്ട്. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതും വാഹനങ്ങളിൽ നിന്നുള്ള പുകയും വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും ചേർന്നാണ് നഗരത്തിലെ വായുവിനെ വിഷലിപ്തമാക്കുന്നത്. ഈ സാഹചര്യം ആരോഗ്യപരമായ നിരവധി പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതിനാൽ വായു മലിനീകരണത്തെ നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സാധ്യത.