Share this Article
News Malayalam 24x7
പിണറായി വിജയന്റെ മൂന്നാംമൂഴം സഫലമാകില്ല; വീണ്ടും സിപിഐഎമ്മിനെതിരെ ജി.സുധാകരന്‍
G. Sudhakaran

സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിച്ച് മുൻ മന്ത്രി ജി. സുധാകരൻ വീണ്ടും രംഗത്ത്. പിണറായി വിജയൻ സ്വപ്നം കാണുന്ന മൂന്നാം ഊഴം കേരളത്തിൽ സഫലമാകില്ലെന്നും ഇത്തവണ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അമ്പലപ്പുഴ മണ്ഡലത്തിൽ 'ജനകീയ സ്വതന്ത്രനായി' താൻ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സിപിഎമ്മിൽ നിന്നും തന്നെ ആരും പുറത്താക്കിയതല്ലെന്നും പാർട്ടിയിലെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് താൻ സ്വയം ഇറങ്ങിപ്പോന്നതാണെന്നും സുധാകരൻ വ്യക്തമാക്കി. തന്നെ പാർലമെന്ററി വ്യാമോഹിയെന്ന് വിളിക്കുന്നവർക്ക് നാണവും മാനവുമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സജി ചെറിയാൻ ഉൾപ്പെടെയുള്ള മന്ത്രിമാർ മൂന്ന് തവണ മത്സരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മന്ത്രി പി. പ്രസാദിനെതിരെ ചേർത്തലയിൽ പോയി പ്രസംഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


യുഡിഎഫ് നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ വന്ന് കണ്ടിരുന്നുവെന്നും അവരുടെ പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ വെളിപ്പെടുത്തി. എന്നാൽ തനിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കൺവെൻഷനുകളോ, ഫ്ലക്സുകളോ, ചുവരെഴുത്തുകളോ ആവശ്യമില്ലെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ പിന്തുണയാണ് തന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.


മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പരുക്കൻ ഭാഷയിലാണ് സുധാകരൻ പ്രതികരിച്ചത്. പഴയ കാര്യങ്ങൾ ചർച്ചയാക്കുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. ടേം വ്യവസ്ഥ അട്ടിമറിച്ച് പലരും മത്സരിക്കുമ്പോൾ തന്നെ മാത്രം ടേം വ്യവസ്ഥയുടെ പേരിൽ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഉറപ്പായി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories