സംസ്ഥാനത്ത് നിപ ജാഗ്രത തുടരുന്നു. പാലക്കാട്ടെ നാട്ടുകല്ലിലെ നിപ ബാധിതയുടെ ബന്ധുവായ പത്തുവയസുള്ള കുട്ടിയെ പനിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ വീടിന് പരിസരത്തെ മരത്തില്‍ ആയിരക്കണക്കിന് വവ്വാലുകളുണ്ട്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്ഥലം മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പരിശോധിച്ചു. തച്ചനാട്ടുകരയിലെ 4 വാര്‍ഡുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വ്വേ നടത്തും. നിപ രോഗ ലക്ഷണങ്ങള്‍ 2 മാസത്തിനിടെ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. രണ്ടുദിവസങ്ങളിലായി 75 അംഗ സംഘമാണ് സര്‍വ്വേ നടത്തുക. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 345 പേരാണുള്ളത്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് പട്ടികയിലുളളത്. കോഴിക്കോട് ജില്ലയിൽ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്.