Share this Article
News Malayalam 24x7
രാഷ്ട്രപതി ഇന്ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തും
President

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമല സന്നിധാനത്ത് ദർശനം നടത്തും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ശബരിമല സന്നിധാനം സന്ദർശിക്കുന്ന രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. 1973 ഏപ്രിൽ 10ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരിയാണ് ഇതിനുമുമ്പ് ശബരിമലയിലെത്തിയത്.

കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുത്ത്, നിലക്കലിൽ നിന്നുള്ള ഹെലിപാഡിന് പകരം പത്തനംതിട്ട പ്രമാടത്ത് പ്രത്യേകമായി ഒരുക്കിയ ഹെലിപാഡിലാണ് രാഷ്ട്രപതി ഹെലികോപ്റ്ററിൽ ഇറങ്ങുക. തുടർന്ന് സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി ദേവസ്വം ബോർഡ് മന്ത്രി വി.എൻ. വാസവൻ രാഷ്ട്രപതിയെ സ്വീകരിക്കും. പ്രമാടത്ത് നിന്നും ആറ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് സംഘം പമ്പയിലേക്ക് യാത്രയാകുന്നത്. പമ്പയിലെത്തി വിശ്രമിച്ച ശേഷം, തീർത്ഥാടനത്തിന്റെ ഭാഗമായി സ്നാനം ചെയ്യുന്നതിനായി ത്രിവേണി മേൽപ്പാലത്തിന് സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പമ്പ ഗണപതി കോവിലിൽ തിരുമുടിക്കെട്ട് ഒരുക്കിയ ശേഷം പ്രത്യേക ഗൂർഖ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് എത്തുക. പതിനെട്ടാം പടി ചവിട്ടിക്കയറി ശ്രീകോവിലിന് സമീപമെത്തുമ്പോൾ ക്ഷേത്രം തന്ത്രി മഹേഷ് മോഹനരു പൂർണ്ണകുംഭം നൽകി രാഷ്ട്രപതിയെ സ്വീകരിക്കും. ഉച്ചപൂജയ്ക്കാണ് ദർശനത്തിനുള്ള സമയം ഒരുക്കിയിട്ടുള്ളത്. ദർശനത്തിന് ശേഷം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന രാഷ്ട്രപതിക്ക്, ദേവസ്വം ബോർഡ് ഉപഹാരമായി ചിന്മുദ്ര അണിഞ്ഞ ഭഗവാന്റെ ശില്പം കൈമാറും. ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി സന്നിധാനത്ത് നിന്ന് മടങ്ങുന്ന രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോകും. തുടർന്ന് സംസ്ഥാന ഗവർണർ ഒരുക്കുന്ന സ്വകാര്യ വിരുന്നിൽ പങ്കെടുത്ത ശേഷം നാളെ രാവിലെ രാജഭവനിൽ മറ്റു പരിപാടികളിൽ സംബന്ധിക്കും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അവർ മടങ്ങും വരെ ഭക്തർക്ക് ശബരിമലയിൽ പ്രവേശനമുണ്ടാകില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories