Share this Article
News Malayalam 24x7
അഖില്‍ മാരാര്‍ ട്വന്റി ട്വന്റിയിലേക്ക്
Akhil Marar

പ്രമുഖ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർ രാഷ്ട്രീയത്തിലേക്ക്. സാബു എം. ജേക്കബ് നേതൃത്വം നൽകുന്ന ട്വന്റി-ട്വന്റി പാർട്ടിയിലാണ് അദ്ദേഹം അംഗത്വമെടുക്കുന്നത്. ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകും.

ട്വന്റി-ട്വന്റിയിൽ ചേരുന്നതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിൽ മാരാർ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. കൊട്ടാരക്കര മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി അദ്ദേഹം ജനവിധി തേടാനാണ് സാധ്യത. ട്വന്റി-ട്വന്റിയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലുള്ള രാഷ്ട്രീയ സഹകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.


നേരത്തെ അഖിൽ മാരാർ കോൺഗ്രസ് നേതൃത്വവുമായി സീറ്റ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് ബിജെപി നടത്തിയ രഹസ്യ സർവേകളിൽ അഖിലിന് അനുകൂലമായ തരംഗം മണ്ഡലത്തിലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അദ്ദേഹത്തെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമായത്. ട്വന്റി-ട്വന്റി വഴി അഖിലിനെ മത്സരിപ്പിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെയും വിലയിരുത്തൽ.


കഴിഞ്ഞ കുറച്ചു കാലമായി സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന അഖിൽ മാരാരുടെ ഈ ചുവടുമാറ്റം കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories