Share this Article
News Malayalam 24x7
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി: മന്ത്രി വി. ശിവൻകുട്ടി
വെബ് ടീം
posted on 15-04-2026
1 min read
v sivankutty

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും ചട്ടവിരുദ്ധമായി ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചുട്ടുപൊള്ളുന്ന വേനൽചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് ഉൾപ്പെടെ സർക്കാർ പുതുക്കിയ തൊഴിൽ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. കഠിനമായ ചൂടിൽ സ്കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല.സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി എല്ലാ സ്ട്രീമുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ്. അവധിക്കാല ക്ലാസുകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ യാതൊരു കാരണവശാലും സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories