സംസ്ഥാനം ആകാംഷയോടെ കാത്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നടത്തുന്ന വാർത്താസമ്മേളനത്തിലാകും പ്രഖ്യാപനം ഉണ്ടാവുക. ഇതോടെ മുന്നണികൾ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി പ്രചാരണ രംഗത്തേക്ക് കടക്കും.
തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി മുന്നണികളെല്ലാം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. പലയിടത്തും സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയും തയ്യാറായിക്കഴിഞ്ഞു.
യുഡിഎഫ് തിരുവനന്തപുരം കോർപ്പറേഷനിലടക്കം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ഒരുപടി മുന്നിലാണ്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ നിന്നുള്ള യുവമുഖങ്ങൾക്ക് പ്രാധാന്യം നൽകിയാണ് കോൺഗ്രസ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയും ശക്തമായ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കുന്നത്. മുൻ ഡിജിപി ആർ. ശ്രീലേഖ, പാർട്ടി നേതാവ് വി.വി. രാജേഷ് എന്നിവരുൾപ്പെട്ട 62 പേരുടെ ആദ്യഘട്ട പട്ടിക ബിജെപി പുറത്തുവിട്ടു. എൽഡിഎഫ് ആകട്ടെ, തീയതി പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്.
തിരുവനന്തപുരം, കണ്ണൂർ, കൊല്ലം കോർപ്പറേഷനുകളിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത. തിരുവനന്തപുരത്ത് ഭരണം നിലനിർത്താൻ എൽഡിഎഫും, ഭരണം പിടിച്ചെടുക്കാൻ യുഡിഎഫും ബിജെപിയും വാശിയോടെ രംഗത്തുണ്ട്. അതേസമയം, സീറ്റ് വിഭജനത്തിലെ അതൃപ്തിയെ തുടർന്ന് 20 മണ്ഡലങ്ങളിൽ തനിച്ച് മത്സരിക്കാനുള്ള ബിഡിജെഎസ് തീരുമാനം എൻഡിഎയിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രഖ്യാപനം വരുന്നതോടെ കേരളം പൂർണമായും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങും.