ധർമ്മസ്ഥല/കർണാടക: 1995 മുതൽ 2014 വരെയുള്ള കാലയളവിൽ കർണാടക, ധർമ്മസ്ഥല പ്രദേശത്ത് മാത്രം അസ്വാഭാവികമായി മരണപ്പെട്ടവർ 600 ൽ അധികമാണ് ഇതിൽ ഭൂരിഭാഗവും സ്ത്രീകളും, യുവതികളും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമാണ്. ധർമ്മസ്ഥലയിൽ സ്ഥിതിചെയ്യുന്ന പ്രധാന തീർത്ഥാടന കേന്ദ്രത്തെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും ആരോപണങ്ങൾ ഉയരുന്നത്. തീർത്ഥാടനത്തിനായി എത്തുന്ന സ്ത്രീകൾ,ലോഡ്ജിൽ മുറിയെടുക്കുന്നവർ, ഓട്ടോയിൽ നിന്ന് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നവർ, സ്കൂൾ വിട്ട് ഇടവഴിയിലൂടെ നടന്നു പോകുന്ന പെൺകുട്ടികൾ എന്നിവരാണ് അതിക്രമത്തിന് ഇരയായവരിൽ അധികവും. ഇതിൽ പലരുടെയും മൃതദേഹം വനപ്രദേശങ്ങളിൽ നിന്നും, നേത്രാവതി പുഴയുടെ തീരത്തുനിന്നുമാണ് കണ്ടെടുത്തിട്ടുള്ളത്.
സ്ത്രീകളിൽ പലരും ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടെന്നാണ് കണ്ടെത്തൽ.പക്ഷേ കൊലപാതകങ്ങളിലും അസ്വാഭാവിക മരണങ്ങളിലും കൃത്യമായി അന്വേഷണം നടത്തുന്നതിനോ പ്രതികളെ കണ്ടെത്തുന്നതിനോ പോലീസിനോ നിയമ സംവിധാനങ്ങൾക്കോ കഴിയാതെ പോയതാണ് ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.
2012 ഒക്ടോബർ 9ന് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി യു കോളേജ് വിദ്യാർത്ഥി സൗജന്യയുടെ കൊലപാതകത്തിൽ വലിയ പ്രതിഷേധം ഉയർന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുവരുകയായിരുന്ന പെൺകുട്ടിയെ ഇടവഴിയിൽ വച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയതിനു ശേഷം വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കേസന്വേഷണത്തിന്റെ ഭാഗമായി സൗജന്യ വധക്കേസിൽ ഒരാളെ പിടികൂടിയെങ്കിലും ഇയാൾ യഥാർത്ഥ കുറ്റവാളിയല്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഏഴു വർഷത്തെ ശിക്ഷകൾക്ക് ശേഷം കോടതി വെറുതെ വിടുകയായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ ഇയാൾ നിരപരാധി ആണെന്നും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സൗജന്യയുടെ കുടുംബവും സമരസമിതിയും രംഗത്തെത്തിയിരുന്നു. പക്ഷേ കൃത്യമായി അന്വേഷണം നടത്താനോ, പ്രതികളെ പിടികൂടാനോ പോലീസിന് സാധിച്ചില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടും, സാഹചര്യ തെളിവുകളും അവഗണിച്ച് യഥാർത്ഥ പ്രതികളെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്തതെന്നാണ് ആരോപണം. സൗജന്യയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നേത്രാവതി സ്നാനഘട്ടത്തിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.
1995 മുതൽ 20 വർഷക്കാലയളവിൽ നൂറിലധികം സ്ത്രീകളുടെ മൃതദേഹങ്ങൾ മറവ് ചെയ്തിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഇതിൽ ഭൂരിഭാഗം സ്ത്രീകളുടെയും യുവതികളുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയുമായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായതായി ശുചീകരണ തൊഴിലാളി വെളിപ്പെടുത്തി. പലരുടെയും അടിവസ്ത്രങ്ങൾ ഇല്ലാതെയും, സ്വകാര്യ ഭാഗങ്ങളിൽ വലിയ മുറിവുകളെ കണ്ടെത്തിയതാണ് സംശയങ്ങൾക്ക് കാരണം. തന്നെ ഭീഷണിപ്പെടുത്തിയാണ് മൃതദേഹങ്ങൾ മറവു ചെയ്യിപ്പിച്ചതെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ശുചീകരണ തൊഴിലാളി വ്യക്തമാക്കി.
ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അസ്വാഭാവിക മരണങ്ങളിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കുഴിച്ചിട്ട മൃഗങ്ങൾ പുറത്തെടുക്കാൻ നടപടി സ്വീകരിക്കണമെന്നും ഇരകളുടെ കുടുംബം ആവശ്യപ്പെട്ടു.