Share this Article
News Malayalam 24x7
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിൽ; നാളെ സർക്കാരുമായി നിർണായക ചർച്ച
Kerala Medical College Doctors Strike Day 10

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന ഒപി ബഹിഷ്കരണ സമരം പത്താം ദിവസത്തിലേക്ക് കടന്നു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെച്ചിട്ട് ഒരാഴ്ച പിന്നിട്ടു. സമരം ശക്തമാകുന്ന സാഹചര്യത്തിൽ, ഡോക്ടർമാരുമായി സർക്കാർ നാളെ നിർണായക ചർച്ച നടത്തും.

ആരോഗ്യമന്ത്രി വീണാ ജോർജും ധനമന്ത്രി കെ.എൻ. ബാലഗോപാലുമാണ് സമരക്കാരുമായി ചർച്ച നടത്തുക. നേരത്തെ നടന്ന ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ധനമന്ത്രി കൂടി ചർച്ചയിൽ പങ്കെടുക്കുന്നത്. നാളത്തെ ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രോഗികളും പൊതുജനങ്ങളും.


ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, മെഡിക്കൽ കോളേജുകളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിൽ സമരം നടക്കുന്നത്. ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് ഡോക്ടർമാരുടെ തീരുമാനം.


നിലവിൽ പിജി ഡോക്ടർമാർ മാത്രമാണ് ഒപി വിഭാഗത്തിൽ സേവനം നൽകുന്നത്. സീനിയർ ഡോക്ടർമാർ വിട്ടുനിൽക്കുന്നത് രോഗികളെ വലിയ തോതിൽ ദുരിതത്തിലാക്കുന്നുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സേവനം തേടിയെത്തുന്ന നൂറുകണക്കിന് രോഗികളാണ് ഓരോ ദിവസവും മടങ്ങുന്നത്. അടിയന്തര ശസ്ത്രക്രിയകളും തീവ്രപരിചരണ വിഭാഗത്തിലെ സേവനങ്ങളും തടസ്സമില്ലാതെ തുടരുന്നുണ്ടെങ്കിലും, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മുടങ്ങുന്നത് വരും ദിവസങ്ങളിൽ വലിയ പ്രതിസന്ധിക്ക് കാരണമാകും.


നേരത്തെ നടത്തിയ സൂചനാ സമരത്തിന് പിന്നാലെയാണ് ഡോക്ടർമാർ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിലേക്ക് കടന്നത്. നാളത്തെ ചർച്ചയിലും തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കെജിഎംസിടിഎയുടെ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories