ശബരിമലയിലെ സ്വർണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ സംസ്ഥാന വ്യാപകമായി സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ്. ഈ മാസം ഒൻപതിന് പത്തനംതിട്ടയിൽ പ്രതിഷേധ സംഗമം നടത്തും. 18ന് പന്തളത്ത് മഹാസമ്മേളനം. സംഭവം കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സ്വർണപ്പാളി വിഷയം ആളിക്കത്തിക്കാനാണ് കോൺഗ്രസ് തീരുമാനം. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാണ് തീരുമാനം. അതിന്റെ ഭാഗമായി നാല് മേഖലാ ജാഥകളും പന്തളത്ത് മഹാസമ്മേളനവും നടത്തും. ഒമ്പതിന് പത്തനംതിട്ടയിൽ നടത്തുന്ന പ്രതിഷേധ സംഗമം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, മൂവാറ്റുപുഴ, പാലക്കാട്, കാസർഗോഡ് എന്നിവിടങ്ങളിലാണ് മേഖലാജാഥകൾ സംഘടിപ്പിക്കുന്നത്. 18ന് പന്തളത്ത് മേഖലാജാഥകൾ മഹാസമ്മേളനമായി മാറും. അടൂർ പ്രകാശ്, ബെന്നി ബഹന്നാൻ, കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ എന്നിവർ മേഖലാജാഥകൾ നയിക്കും. ദേവസ്വം വകുപ്പ് മന്ത്രിയുടെ രാജിയും കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണവുമാണ് കോൺഗ്രസിന്റെ ആവശ്യം.
മുഖ്യമന്ത്രി കുറ്റവാളികൾക്ക് ഒപ്പം നിന്ന്, അവരെ സംരക്ഷിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിമർശിച്ചു.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സർക്കാരിനെതിരെ ഉയർത്താൻ കഴിയുന്ന ശക്തമായ ആയുധമാണ്, കോൺഗ്രസിന് സ്വർണപ്പാളി വിഷയം. സംഭവത്തിൽ കൃത്യമായി പ്രതികരിക്കാത്ത വകുപ്പും മറുപടി നൽകാത്ത മുഖ്യമന്ത്രിയുമാണ് ആ ആയുധത്തിന് മൂർച്ച കൂട്ടുന്നത്. സ്വർണപ്പാളി വിഷയം പൊതുമധ്യത്തിൽ സജീവമായി നിലനിർത്തേണ്ടത് കോൺഗ്രസിന്റെ ആവശ്യം കൂടിയാണ്…