Share this Article
News Malayalam 24x7
ഓപ്പറേഷന്‍ നുംഖോർ; പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ കസ്റ്റംസിന് അപേക്ഷ നൽകി
 Dulquer Salmaan Applies to Customs for Release of Seized Vehicle

ഓപ്പറേഷൻ നുംബോറിന്റെ ഭാഗമായി പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകി. ഹൈക്കോടതി അനുമതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ദുൽഖർ സൽമാന്റെ മൂന്ന് വാഹനങ്ങളാണ് പ്രധാനമായും കസ്റ്റംസ് പിടിച്ചെടുത്തിരുന്നത്. അതിലൊരു വാഹനത്തിന് വേണ്ടിയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

ദുൽഖർ സൽമാൻ ഒരു അപേക്ഷ നൽകണമെന്നും ആ അപേക്ഷ കസ്റ്റംസ് പരിഗണിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. വാഹനം വിട്ടുകൊടുക്കാൻ സാധിക്കില്ലെങ്കിൽ അതിനുള്ള കാരണം കൃത്യമായി ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ കസ്റ്റംസിന് അപേക്ഷ നൽകിയിരിക്കുന്നത്.


കസ്റ്റംസ് ഇപ്പോൾ ദുൽഖർ സൽമാൻ്റെ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. വാഹനം വിട്ടുനൽകണമോ എന്ന കാര്യത്തിൽ കസ്റ്റംസാണ് അന്തിമ തീരുമാനം എടുക്കുക. കസ്റ്റംസിന് കൂടുതൽ രേഖകൾ പരിശോധിക്കേണ്ടതുണ്ട്. ഇതിന് മുൻപ് ഈ വാഹനത്തിൻ്റെ ഉടമസ്ഥാവകാശം ആർക്കായിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിക്കും.


ഓപ്പറേഷൻ നുംബോറിൻ്റെ ഭാഗമായി 36 വാഹനങ്ങൾ മാത്രമാണ് നിലവിൽ കസ്റ്റംസ് പിടികൂടിയിട്ടുള്ളത്. നൂറിലധികം വാഹനങ്ങൾ ഇത്തരത്തിൽ അനധികൃതമായി രജിസ്റ്റർ ചെയ്ത് കേരളത്തിലടക്കം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ വലിയൊരു സംഘമുണ്ടെന്നും കോയമ്പത്തൂരിൽ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്നും കസ്റ്റംസ് കണ്ടെത്തി. മുൻ ഭൂട്ടാൻ പട്ടാള ഉദ്യോഗസ്ഥരടക്കം തങ്ങളെ സഹായിച്ചുവെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.


ഈ കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നും സമാനമായ രീതിയിൽ വാഹനങ്ങൾ കടത്തുന്നുണ്ട്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇത്തരത്തിൽ അനധികൃതമായി വാഹനങ്ങൾ കൊണ്ടുവരുന്ന ഒരു സ്ഥിതിയുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് കസ്റ്റംസും ഇ.ഡിയും ശ്രമിക്കുന്നത്. കൂടുതൽ വാഹനങ്ങൾ കണ്ടുകെട്ടാനുള്ള ശ്രമത്തിലാണ് ഇ.ഡിയും കസ്റ്റംസും. ഈ നീക്കങ്ങളുടെ ഭാഗമായി ദുൽഖർ സൽമാൻ്റെ അപേക്ഷ അംഗീകരിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories