ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഐ) 25-ാം പാർട്ടി കോൺഗ്രസ് ചണ്ഡീഗഢിൽ പുരോഗമിക്കുകയാണ്. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ ഇന്നും തുടരും. പാർട്ടി കോൺഗ്രസ് നാളെ സമാപിക്കും.
നിലവിലെ ജനറൽ സെക്രട്ടറി ഡി രാജ സ്ഥാനത്ത് തുടരാൻ സാധ്യതയുണ്ടെന്നും എന്നാൽ, ഒരു ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം കൊണ്ടുവരാനും അമർജിത് കൗറിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ, പാർട്ടിക്ക് പല സംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ടതായും പ്രത്യേകിച്ച് വടക്കൻ സംസ്ഥാനങ്ങളിൽ വലിയ വേരോട്ടമുണ്ടായിരുന്ന സിപിഐ ഇപ്പോൾ പിന്നോട്ട് പോയതായും വിലയിരുത്തി. നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലുണ്ടായ ജനകീയ പ്രക്ഷോഭങ്ങൾക്ക് സമാനമായ സാഹചര്യങ്ങൾ ഇന്ത്യയിൽ ഉണ്ടാകാതിരിക്കാൻ ദേശീയ തലത്തിൽ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്ന് ഡി രാജ സംഘടനാ റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു.
സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാനും ഓരോ മൂന്ന് മാസം കൂടുമ്പോഴും പ്രവർത്തന റിപ്പോർട്ട് മേൽഘടകങ്ങൾക്ക് കൈമാറാനും നിർദ്ദേശങ്ങളുണ്ട്. പല നേതാക്കന്മാരും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ താല്പര്യപ്പെടുകയും പിന്നീട് പ്രവർത്തന മേഖലകളിൽ നിന്ന് പിന്മാറുകയും ചെയ്യുന്നത് പാർട്ടിക്ക് ദോഷം ചെയ്യുന്നതായി ചർച്ചയിൽ ഉയർന്നുവന്നു.
തെക്കേ ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് സിപിഐക്ക് കാര്യമായ വേരോട്ടമുള്ളതെന്നും തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ പാർട്ടിക്ക് വലിയ അംഗബലമുണ്ടായിരുന്നെങ്കിലും സമീപകാലങ്ങളിൽ പ്രവർത്തനങ്ങളിൽ വലിയ മുരടിപ്പുണ്ടായെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഡി രാജയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തുന്നതിനോട് കേരള ഘടകത്തിന് വിയോജിപ്പുണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന് 75 വയസ്സ് കഴിഞ്ഞതിനാൽ ഒരുതവണ കൂടി ജനറൽ സെക്രട്ടറിയായി തുടരാൻ ഇളവ് നൽകണമെന്ന് ദേശീയ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാർ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡി രാജയ്ക്ക് വലിയ പിന്തുണയുണ്ട്.
അമർജിത് കൗറിനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും ഒരു വനിതാ നേതാവ് ദേശീയതലത്തിൽ വരുന്നതിനെ ഒരു വലിയ നേട്ടമായി കേരള ഘടകം കാണുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. ദേശീയ കൗൺസിലിനെയും പുതിയ ജനറൽ സെക്രട്ടറിയെയും നാളെ പ്രഖ്യാപിക്കും.