മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാറിൻ്റെ അടിമയായി മാറിയെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. മുഖ്യമന്ത്രിയുടെ മകന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി) നോട്ടീസ് ലഭിച്ചത് എന്തുകൊണ്ടാണ് ജനങ്ങളോട് തുറന്നുപറഞ്ഞില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ വിഷയങ്ങളിലും വാതോരാതെ സംസാരിക്കുന്ന മന്ത്രിമാർ ഇപ്പോൾ മൗനത്തിലാണെന്നും, മറ്റ് വിഷയങ്ങളിൽ പുലിയായ ഇ.ഡി. മുഖ്യമന്ത്രിയുടെ കുടുംബ വിഷയം വന്നപ്പോൾ പൂച്ചയായെന്നും മാത്യു കുഴൽനാടൻ തൊടുപുഴയിൽ പറഞ്ഞു.
മകനും മകളും ഇ.ഡി. കേസിൽപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും, നരേന്ദ്ര മോദിയുടെ ദയാവായ്പിലാണ് അദ്ദേഹം അധികാരത്തിൽ തുടരുന്നതെന്നും കുഴൽനാടൻ ആരോപിച്ചു.
സി.ബി.ഐ. ആദ്യം പുലിയെപ്പോലെ വന്ന് എലിയെപ്പോലെ ചുരുങ്ങിയ കാഴ്ച ഈ കേസിൽ കണ്ടതാണ്. പലപ്പോഴും സിംഹത്തെപ്പോലെ ചാടിവന്ന ഇ.ഡി. പിണറായി വിജയൻ്റെ കേസ് വരുമ്പോൾ പൂച്ചയെപ്പോലെ പതുങ്ങുന്നത് കണ്ടതാണെന്നും ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ഇവിടെ ഒരു 'ക്വിറ്റ് പ്രോ ക്വോ' അഥവാ കൊടുക്കൽ വാങ്ങൽ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.