Share this Article
News Malayalam 24x7
ഇത്രയും നല്ല മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല; പുകഴ്ത്തി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍
വെബ് ടീം
posted on 22-08-2024
1 min read
KB GANESHKUMAR

തിരുവനന്തപുരം: സിപിഐഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിയെ പുകഴ്ത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ശശിയെപ്പോലെ നല്ലൊരു മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ല. നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പി കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളജിലെ പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പുകഴ്ത്തല്‍.

പി കെ ശശിയെക്കുറിച്ച് അഭിമാനത്തോടെ എവിടെയും പറയും, അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. എംഎല്‍എ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം രാഷ്ട്രീയം നോക്കാതെ സ്‌നേഹത്തിന് മുന്‍തൂക്കം കൊടുത്ത് സഹായിക്കുന്ന വ്യക്തിയാണ്. മികച്ച ജനപ്രതിനിധിയും നല്ല മനുഷ്യനുമാണ് ശശി.

അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനത്തെക്കൂടിയാണ് തകര്‍ക്കുന്നതെന്ന് ഓര്‍ക്കണം. താനും ഇതുപോലെ ഒരുപാട് ആരോപണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കള്ളനെയും പിടിച്ചുപറിക്കാരനെയും ആര്‍ക്കും വേണ്ട,നല്ലത് ചെയ്യുന്നവനെ കുറ്റക്കാരനാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കായുള്ള മരത്തില്‍ കല്ലെറിഞ്ഞാലല്ലേ ആരെങ്കിലും എറിഞ്ഞെന്നറിയൂ. അല്ലാതെ കായില്ലാത്ത മരത്തില്‍ ആരെങ്കിലും കല്ലെറിയുമോ. പി കെ ശശിയുടെ പ്രവര്‍ത്തനങ്ങളെ കരിവാരിത്തേക്കാന്‍ വേണ്ടി ചില ശ്രമങ്ങള്‍ നടക്കുന്നു. ആ ശ്രമങ്ങളില്‍ സത്യമില്ലെന്ന് തനിക്കറിയാമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories