സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ആവേശകരമായ പരസ്യ പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശമായതോടെ സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദ പ്രചാരണത്തിലൂടെ വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തുകളിലെത്തുന്നത്. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മത്സരരംഗത്തുള്ള 36,630 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ 1.32 കോടിയിലധികം വോട്ടർമാർ നാളെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. വോട്ടെടുപ്പിനായി 15,432 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി 1.80 ലക്ഷത്തോളം ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി എഴുപതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിതമെന്ന് കണ്ടെത്തിയ 400 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്, വീഡിയോഗ്രാഫി ഉൾപ്പെടെയുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഈ മാസം 11-നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഇരുഘട്ടങ്ങളിലുമായി നടക്കുന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം 13-ന് നടക്കും. അവസാനവട്ട വോട്ടുകൾ പെട്ടിയിലാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.