തിരുവനന്തപുരം: വിഖ്യാത ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു. 90 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച പത്ത് മണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനം നടത്തും. തുടർന്ന് വൈകിട്ട് നാല് മണിക്ക് ശാന്തികവാടത്തിൽ സംസ്‌കാരചടങ്ങുകൾ നടക്കും.
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936-ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്കൂൾ, പാലക്കാട് ഗവ. വിക്ടോറിയകോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഡൽഹി ജാവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.പല വിദേശ സർവകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായിരുന്നു. നിലവിൽ കേരള ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ, എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്‌റ്റേറ്റ്സ്, ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, ഇന്റെറോഗേറ്റിങ് കൊളോണിയൽ മോഡേണിറ്റി, കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ, ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, കൾച്ചർ ഐഡിയോളജി ആൻഡ് ഹെഗിമണി, കമ്മ്യൂണൽ ത്രെട്ട് സെക്കുലർ ചലഞ്ച്, കണ്ടമ്പററി ഇന്ത്യ: കൾച്ചർ ആൻഡ് പൊളിറ്റിക്സ് മുതലായ ഗ്രന്ഥങ്ങൾ കൂടാതെ നിരവധി പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുമുണ്ട്. 2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു.