ന്യൂഡൽഹി: വാദത്തിനിടെ ജസ്റ്റിസുമാരെ അധിക്ഷേപിച്ചും പേപ്പറുകൾ വലിച്ചെറിഞ്ഞും സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ. കേസ് വാദിക്കാനെത്തിയ യുവാവിന്റെ അസ്വാഭാവിക പ്രവർത്തികളെ തുടർന്ന്സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇയാളെ കോടതി മുറിയിൽ നിന്ന് പുറത്താക്കി.വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയായിരുന്നു സംഭവം. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ മുൻപിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഉത്തർപ്രദേശ് സ്വദേശിയായ പ്രഭാൽ പ്രതാപ് എന്ന വ്യക്തി സ്വന്തമായി കേസ് വാദിക്കാനെത്തിയതായിരുന്നു. ഇയാൾ അഭിഭാഷകനായിരുന്നില്ല.‘‘ലക്നൗ എസിപിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീം കോടതിയോട് ഞാൻ ഉത്തരവിടുന്നു’’ എന്നാണ് യുവാവ് കോടതിയോട് പറഞ്ഞത്. എന്നാൽ ഇതു കേട്ടതോടെ ‘‘നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ’’ എന്ന് ജസ്റ്റിസ് കെ.വി.വിശ്വനാഥൻ ചോദിച്ചു. പിന്നാലെ യുവാവ് ജസ്റ്റിസുമാരെ അധിക്ഷേപിക്കുകയും പ്രകോപിതനായതോടെ കയ്യിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്കു നേരെ വലിച്ചെറിയുകയും ചെയ്തു.തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പുറത്താക്കി. കുറച്ചു നേരം ഡിഎസ്പി ഓഫിസിൽ തടഞ്ഞുവച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഇയാൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ എടുത്തിട്ടില്ല. അദ്ദേഹത്തിനെതിരെ ഒരു തരത്തിലുമുള്ള നടപടി എടുക്കേണ്ടതില്ലെന്ന് കോടതി പിന്നീട് പറഞ്ഞു.