Share this Article
News Malayalam 24x7
വേനൽചൂടിൽ യൂറോപ്പ് വെന്ത് ഉരുകുന്നു
 Extreme Summer Heatwave and Wildfires Grip Continent

ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത വേനൽച്ചൂടിൽ വെന്തുരുകുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ഉഷ്ണതരംഗമാണ് (Heatwave) ഇപ്പോഴത്തേതെന്ന് ലോക കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ഇതിനുമുൻപ് 1976-ലാണ് യൂറോപ്പിൽ ഇത്രയേറെ തീവ്രമായ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. കടുത്ത ചൂടിനൊപ്പം യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി വരൾച്ചയും കാട്ടുതീയും പടർന്നുപിടിക്കുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.

യൂറോപ്യൻ യൂണിയൻ്റെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ 'കോപ്പർനിക്കസ്' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന അസാധാരണമായ വർദ്ധനവാണ് ഈ ഉഷ്ണതരംഗത്തിന് പ്രധാന കാരണം. ജൂൺ, ജൂലൈ മാസങ്ങളിൽ കടലിലെ താപനില വലിയ തോതിൽ ഉയർന്നുനിൽക്കുന്നത് കരയിലെ അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിക്കുന്നു.


കടുത്ത ചൂട് ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടയിൽ യൂറോപ്പിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് കടുത്ത ചൂട് മൂലം മരണപ്പെട്ടത്. പകൽ സമയങ്ങളിൽ മാത്രമല്ല, രാത്രികാലങ്ങളിലും അന്തരീക്ഷ താപനില താഴാത്തതാണ് പുതിയ വെല്ലുവിളി. ഈ അർദ്ധരാത്രി ചൂട് (Midnight heat) കുട്ടികൾ, പ്രായമായവർ, മറ്റ് രോഗബാധിതർ എന്നിവരുടെ ആരോഗ്യസ്ഥിതിയെയാണ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ താപനില

  • ഡെന്മാർക്ക്: കഴിഞ്ഞ ആഴ്ചകളിൽ ഇവിടെ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ഇത് രാജ്യത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനിലയാണ്.

  • സ്വിറ്റ്സർലൻഡ്: സാധാരണയായി തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന സ്വിറ്റ്സർലൻഡിൽ ചൂട് 32 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിട്ടുണ്ട്.

  • നെതർലൻഡ്സ്, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലും ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് താപനില ഉയർന്നുനിൽക്കുകയാണ്. മെഡിറ്ററേനിയൻ മേഖലയിലാണ് നിലവിൽ ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.

ചൂട് അസഹനീയമായതോടെ പാർക്കുകളിലും പൊതുസ്ഥലങ്ങളിലും കൃത്രിമ വാട്ടർ സ്പ്രേയറുകളും ഫാനുകളും സ്ഥാപിച്ച് താപനില കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ് വിവിധ രാജ്യങ്ങളിലെ അധികൃതർ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories