ന്യൂഡൽഹി/ ന്യൂയോർക്ക്: ജയിലിൽ കഴിയുന്ന അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനും മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയുമായ അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ് അൻമോൽ ബിഷ്ണോയിയെ എത്തിച്ചത്.
അൽമോലിനെ എത്തിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലും പരിസരത്തും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പൊലീസ് വിപുലമായ സുരക്ഷാ പരിശോധന നടത്തി. അൻമോൽ ബിഷ്ണോയിയെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ വർഷം ഒക്ടോബർ 12ന് രാത്രിയാണ് എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയെ ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിന്റെ ഓഫിസിന് മുന്നിൽ വച്ച് ലോറൻസ് ബിഷ്ണോയിയുടെ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അൻമോൽ ബിഷ്ണോയിക്ക് പങ്കുണ്ടെന്നാണ് പ്രധാന ആരോപണം.
കൂടാതെ, 2022ൽ വെടിയേറ്റു മരിച്ച പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലും അൻമോൽ ബിഷ്ണോയിയുടെ പേര് ഉയർന്നുവന്നിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.