Share this Article
News Malayalam 24x7
അന്‍സിബയെ ജയിലില്‍ ഇടുമെന്ന് SI ഭീഷണിപ്പെടുത്തി; FIR വിവരങ്ങള്‍ പുറത്ത്
Ansiba Hassan Case

നടി അൻസിബ ഹസനെ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിക്കുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ മുൻ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ പ്രഥമ വിവര റിപ്പോർട്ട് (FIR) പുറത്തുവന്നു. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കർശന നിർദേശത്തെത്തുടർന്ന് ഹിൽ പാലസ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ലക്ഷ്മിപ്രിയ നൽകിയ വ്യാജ പരാതിയുടെ മറവിൽ അൻസിബയെ നിയമവിരുദ്ധമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചതായും പീഡിപ്പിച്ചതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ലക്ഷ്മിപ്രിയയുടെ പരാതിയിൽ അൻസിബയെ ജയിലിലടയ്ക്കുമെന്ന് വനിതാ എസ്.ഐ രേഷ്മ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. കൂടാതെ, പൊലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐയുടെ സാന്നിധ്യത്തിൽ ലക്ഷ്മിപ്രിയ നേരിട്ട് അൻസിബയെ ചോദ്യം ചെയ്യുകയായിരുന്നു.

ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷിനെ ഫോണിൽ വിളിച്ച് മാപ്പ് പറയാൻ അൻസിബയെ നിർബന്ധിപ്പിച്ചു. തുടർന്ന്, സ്റ്റേഷൻ രേഖകളിൽ നിർബന്ധപൂർവ്വം ഒപ്പിടീപ്പിക്കുകയും, പ്രശ്നം രമ്യമായി പരിഹരിച്ചുവെന്ന് എഴുതി വാങ്ങുകയും ചെയ്തു. എന്നാൽ, പിന്നീട് ഈ ഒപ്പിട്ട ഔദ്യോഗിക രേഖകളിൽ അൻസിബയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായും പ്രതികൾക്ക് അനുകൂലമായും വലിയ രീതിയിൽ തിരുത്തലുകൾ വരുത്തിയെന്നാണ് പ്രധാന ആരോപണം. ഈ നടപടികൾ മലയാളം, തമിഴ് സിനിമാ മേഖലകളിൽ നടിയെന്ന നിലയിലുള്ള അൻസിബയുടെ പ്രശസ്തിക്കും അന്തസ്സിനും കോട്ടം വരുത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


2025 ഡിസംബർ 10-ന് അൻസിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം തന്റെ ഭർത്താവ് കണ്ടുവെന്നും ഇത് തങ്ങളുടെ കുടുംബജീവിതത്തെ മോശമായി ബാധിച്ചുവെന്നും ആരോപിച്ചാണ് ലക്ഷ്മിപ്രിയ വനിതാ സെല്ലിൽ പരാതി നൽകിയത്. ഈ പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് 2026 ജനുവരി 30-ന് രാവിലെ 10.45ഓടെ അൻസിബയെ തൃപ്പൂണിത്തുറ വനിതാ സെല്ലിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ വെച്ചാണ് തനിക്ക് നേരെ ക്രൂരമായ മാനസിക പീഡനവും ഭീഷണിയും ഉണ്ടായതെന്ന് അൻസിബ വ്യക്തമാക്കുന്നു.


ഈ സംഭവത്തെക്കുറിച്ച് അൻസിബ മുൻപ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും തൃക്കാക്കര എ.സി.പിക്കും പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും പരാതി തള്ളിക്കളയുകയുമായിരുന്നു. തുടർന്ന് നീതി ആവശ്യപ്പെട്ട് അൻസിബ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.


കേസിൽ അൻസിബയുടെ നേരിട്ടുള്ള മൊഴി രേഖപ്പെടുത്തിയ കോടതി, ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു. തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 175(3) പ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഓയ്ക്ക് മജിസ്‌ട്രേറ്റ് പി.എം. ആമിനക്കുട്ടി നിർദേശം നൽകുകയായിരുന്നു. കോടതി നിർദേശപ്രകാരം ഐ.പി.സിയിലെയും മറ്റ് പ്രസക്തമായ നിയമങ്ങളിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ പ്രതികൾക്കെതിരെ ഹിൽ പാലസ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories