Share this Article
News Malayalam 24x7
സ്വര്‍ണപ്പാളി വിവാദം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു
Unnikrishnan Potty

ബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി ദേവസ്വം വിജിലൻസ് വീണ്ടും രേഖപ്പെടുത്തും. തിരുവനന്തപുരത്തെ ദേവസ്വം വിജിലൻസ് ഓഫീസിലാണ് മൊഴിയെടുപ്പ്.


കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയിൽ തനിക്ക് ലഭിച്ചത് ചെമ്പ് പാളികളാണെന്നും, അതാണ് സ്വർണ്ണം പൂശാൻ കൊണ്ടുപോയതെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. അദ്ദേഹത്തിന് ലഭിച്ച രേഖകളിൽ "ചെമ്പ്" എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോറ്റി പറയുന്നു.


മൊഴികളിൽ ചില അവ്യക്തതകൾ നിലനിൽക്കുന്നതിനാലാണ് വീണ്ടും മൊഴിയെടുക്കാൻ ദേവസ്വം വിജിലൻസ് ഒരുങ്ങുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി മാത്രമല്ല, ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും മൊഴികൾ രേഖപ്പെടുത്തും. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട രേഖകളും ദേവസ്വം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.


ഈ മാസം 27-നാണ് ഹൈക്കോടതിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ളത്. അതിനുമുൻപ് മൊഴികളെല്ലാം രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കത്തിലാണ് ദേവസ്വം വിജിലൻസ്.


ശബരിമല സ്വർണപ്പാളി വിവാദത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബി.ജെ.പി., ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ആഗോള അയ്യപ്പ സംഗമത്തിന് തൊട്ടുപിന്നാലെ ഉയർന്നുവന്ന ഈ വിഷയം സർക്കാരിന് വലിയ ദോഷമുണ്ടാക്കിയിട്ടുണ്ടെന്നും വിശ്വാസികളുടെ ഭാഗത്തുനിന്ന് വലിയൊരു വിയോജിപ്പ് ഉയർന്നിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.


ദേവസ്വം വിജിലൻസിന് ഒരാളെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ കഴിയാത്തത് അവരുടെ ഒരു പരിമിതിയാണ്. പകരം, ആരോപണവിധേയന്റെ മൊഴി രേഖപ്പെടുത്താനും പിന്നീട് അത് എവിടെയാണോ ക്രൈം നടന്നത് അവിടുത്തെ പോലീസ് സ്റ്റേഷന് നിർദ്ദേശിക്കാനുമുള്ള നടപടിക്രമങ്ങൾ മാത്രമേ തുടരാൻ കഴിയുകയുള്ളൂ.


സമാധാനപരമായി മൊഴിയെടുപ്പ് പൂർത്തിയാക്കാനും ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാനുമുള്ള ശ്രമത്തിലാണ് ദേവസ്വം വിജിലൻസ്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories