സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നടത്തുന്ന സമരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡോക്ടർമാർ ഉന്നയിച്ച എൻട്രി കേഡറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിഹാരം കാണുമെന്ന് ധനകാര്യ വകുപ്പ് നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്നത് പതിനായിരക്കണക്കിന് രോഗികളാണ്. അവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഡോക്ടർമാർ ഉന്നയിച്ച വിഷയത്തിൽ റെക്ടിഫിക്കേഷൻ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ ധനകാര്യ വകുപ്പ് ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഇറക്കിയ ഉത്തരവ് പിൻവലിച്ച് രണ്ടാമതൊരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നിയമവശങ്ങൾ കൂടി ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ ഇക്കാര്യങ്ങൾ ഡോക്ടർമാരെ ബോധ്യപ്പെടുത്തിയതാണ്. ജനങ്ങളുടെ ആരോഗ്യ സേവനങ്ങളെ ബാധിക്കുന്ന സമരങ്ങളിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.