തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ കൊച്ചിയിൽ നിന്നുള്ള നൃത്തസംഘത്തിലെ യുവതി മരിച്ചു. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. സംഘത്തിലെ എറണാകുളം, തൃശൂർ സ്വദേശികളായ എട്ടുപേർക്ക് പരിക്കേറ്റു.
കൊച്ചി സ്വദേശി ഫ്രെഡിയുടെ നേതൃത്വത്തിലുള്ള നൃത്തസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിലെ തിരുമുല്ലൈവാസലിൽ നിന്ന് പുതുച്ചേരിയിലേക്ക് ഒരു പരിപാടിക്കായി യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. ചിദംബരത്തിന് സമീപത്തുവെച്ച് ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട ഗൗരി നന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.