ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വഖഫ് നിയമഭേദഗതിക്ക് സുപ്രീം കോടതി ഭാഗികമായി സ്റ്റേ അനുവദിച്ചു. നിയമം പൂർണമായി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, ചില വകുപ്പുകൾക്ക് മാത്രം സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടു.
സുപ്രധാന വിധിയിലെ പ്രധാന കാര്യങ്ങൾ:
കളക്ടറുടെ അധികാരം: ഒരു ഭൂമി വഖഫ് സ്വത്താണോ എന്ന് പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർക്കുള്ള അധികാരം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഈ അധികാരം ഇനി വഖഫ് ട്രിബ്യൂണലിനും കോടതിക്കും മാത്രമായിരിക്കും.
മുസ്ലിം അംഗത്വം: ഒരു സ്വത്ത് വഖഫ് ആയി പ്രഖ്യാപിക്കാൻ അഞ്ചു വർഷം മുസ്ലിമായിരിക്കണമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തിട്ടുണ്ട്.
വഖഫ് ബോർഡ്/കൗൺസിൽ അംഗത്വം: വഖഫ് ബോർഡിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങൾ പാടില്ലെന്നും, വഖഫ് കൗൺസിലിൽ നാലിൽ കൂടുതൽ അമുസ്ലിങ്ങൾ പാടില്ലെന്നുമുള്ള വ്യവസ്ഥകളും കോടതി സ്റ്റേ ചെയ്തു.
ഭൂമിയുടെ സ്വഭാവം മാറ്റരുത്: അന്തിമ ഉത്തരവ് വരുന്നതുവരെ വഖഫ് ഭൂമിയുടെ സ്വഭാവം മാറ്റരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
എല്ലാ രേഖകളും നിർബന്ധമാക്കാനാകില്ല: എല്ലാ സ്വത്തുക്കൾക്കും രേഖകൾ നിർബന്ധമാക്കാൻ ആകില്ലെന്ന് ഹർജിക്കാർ വാദിച്ചു. അന്വേഷണം തുടങ്ങിയാലുടൻ വഖഫ് സ്വത്ത് അല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്ര സർക്കാരിൻ്റെ വാദം: നിയമത്തിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നും വഖഫ് ഇസ്ലാമിലെ അനിവാര്യമായ മതാചാരമല്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതാടിസ്ഥാനത്തിലായിരിക്കരുത് തീരുമാനമെന്നും കേന്ദ്രം വാദിച്ചു.
പുറമ്പോക്ക് ഭൂമി: വഖഫിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടോ എന്ന് പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കേന്ദ്രം പറഞ്ഞു.
ഏകപക്ഷീയ നിയമനിർമ്മാണം: ഏകപക്ഷീയമായി നിയമം പാസാക്കിയെന്ന ഹർജിക്കാരുടെ വാദം തെറ്റാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
വഖഫ് നിയമഭേദഗതിക്കെതിരെ നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഈ ഹർജികളിലാണ് ഇപ്പോൾ നിർണായകമായ വിധി വന്നിരിക്കുന്നത്.