ശബരിമല സ്വർണ്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ജയറാമിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഏകദേശം നാല് മണിക്കൂറോളം നീണ്ടുനിന്നു. ഇന്ന് രാവിലെ 11 മണിയോടെ ഓഫീസിലെത്തിയ ജയറാം വൈകുന്നേരം മൂന്ന് മണിയോടെയാണ് മടങ്ങിയത്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. ശബരിമലയിൽ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നും തനിക്ക് അദ്ദേഹവുമായി പത്ത് വർഷത്തിലേറെയായി ബന്ധമുണ്ടെന്നും ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണ്ണം പൂശിയ കട്ടളപ്പാലികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരം ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജകൾ നടത്തിയിരുന്നു. ഈ സംഭവത്തിൽ കൂടുതൽ വ്യക്തത തേടിയാണ് ഇ.ഡി ജയറാമിനെ വിളിപ്പിച്ചത്.
"കഴിഞ്ഞ 50 വർഷമായി ശബരിമലയിൽ പോകുന്ന ഒരു ഭക്തനാണ് ഞാൻ. അവിടെ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിൽ അത് പുറത്തുവരണം. സത്യം തെളിയേണ്ടത് എന്റെ കൂടി ആവശ്യമാണ്. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കും," എന്ന് ചോദ്യം ചെയ്യലിന് ശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ആരോടും അവിഹിത ഇടപാടുകൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ജയറാമിനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി അന്വേഷണം ആരംഭിച്ചത്. കേസിലെ മറ്റൊരു സുപ്രധാന വ്യക്തിയായ കൽപ്പേഷിനെയും ഇ.ഡി ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.