Share this Article
News Malayalam 24x7
സസ്പെൻസുകളോ ട്വിസ്റ്റുകളോ ഇല്ലാതെ കോൺഗ്രസ് സ്ഥാനാർത്ഥികൾ, തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു
Kerala Assembly Election 2026

ഏറെ കാത്തിരിപ്പുകള്‍ക്കും സസ്പെന്‍സുകള്‍ക്കുമൊടുവില്‍ കോൺഗ്രസ് തങ്ങളുടെ 37 അംഗ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ഇതോടെ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രം ഏകദേശം വ്യക്തമായിരിക്കുകയാണ്. ഡൽഹിയിൽ നടന്ന നീണ്ട വാദപ്രതിവാദങ്ങൾക്കും ഗ്രൂപ്പ് പോരുകൾക്കും ഒടുവിലാണ് പട്ടികയ്ക്ക് ഹൈക്കമാൻഡ് അന്തിമരൂപം നൽകിയത്.

നിലവിലെ എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത നിലപാട് ഹൈക്കമാൻഡ് അംഗീകരിച്ചു. ഇതോടെ കെ. സുധാകരൻ, അടൂർ പ്രകാശ് തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് ഇത്തവണ സീറ്റ് ലഭിച്ചില്ല. ഇത് പാർട്ടിയിലെ ഒരു വിഭാഗത്തിനിടയിൽ അമർഷത്തിന് കാരണമായിട്ടുണ്ട്.


സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ പാർട്ടിയിൽ ഭിന്നത രൂക്ഷമായി. കൊച്ചി സീറ്റിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പക്ഷത്തെ മുഹമ്മദ് ഷിയാസിനെ സ്ഥാനാർത്ഥിയാക്കിയതിൽ ദീപ്തി മേരി വർഗീസ് അനുകൂലികൾക്കിടയിൽ കടുത്ത നിരാശയുണ്ട്.


അതേസമയം, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിച്ചത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളി ഇന്ന് തന്നെ തന്നെ അനുകൂലിക്കുന്നവരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.


തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചരണ രംഗത്ത് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. സി.പി.ഐ 25 സ്ഥാനാർത്ഥികളെയും സി.പി.ഐ.എം 75 സ്ഥാനാർത്ഥികളെയും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മണ്ഡലങ്ങളിൽ സജീവമായിക്കഴിഞ്ഞു.


ബിജെപി തങ്ങളുടെ ആദ്യ പട്ടികയിൽ 55 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 'എ പ്ലസ്' മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വോട്ട് വിഹിതം വർദ്ധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കളെ ഇറക്കി പ്രചരണം കൊഴുപ്പിക്കാനാണ് പാർട്ടി നീക്കം. ബിജെപിയുടെ മൂന്നാം ഘട്ട പട്ടിക ഉടൻ പുറത്തുവരും.


തിരഞ്ഞെടുപ്പിന് ഇനി വെറും 18 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ തിങ്കളാഴ്ചയാണ്. പത്ത് വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. തോറ്റാൽ താൻ വനവാസത്തിന് പോകുമെന്ന് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വരും ദിവസങ്ങളിൽ കേരളം കടുത്ത പോരാട്ടങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories