ജോലിസ്ഥലത്തും ഡ്യൂട്ടി സമയത്തും ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായ വനിതാ ടിടിഇക്കെതിരെ കർശന നടപടിയുമായി റെയിൽവേ. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറും (TTE) പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മോണി നയിനെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. റെയിൽവേ യൂണിഫോമിലും സ്റ്റേഷൻ പരിസരത്തും ചിത്രീകരിച്ച എല്ലാ വീഡിയോകളും ഉടൻ നീക്കം ചെയ്യാൻ ഡിവിഷണൽ റെയിൽവേ മാനേജർ (DRM) ഉത്തരവിട്ടു.
സ്പോർട്സ് ക്വാട്ടയിലൂടെ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ച മോണി നയിന് ഇൻസ്റ്റഗ്രാമിൽ 3.6 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. റെയിൽവേ യൂണിഫോം ധരിച്ച് ട്രെൻഡിംഗ് ഗാനങ്ങൾക്കൊപ്പം സ്റ്റേഷനിലെ ദൃശ്യങ്ങൾ പകർത്തി ഇവർ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകൾ നിമിഷങ്ങൾക്കകം വൈറലാകാറുണ്ടായിരുന്നു. എന്നാൽ, സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ ജോലി സമയത്ത് ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നത് ശരിയാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രംഗത്തെത്തി.
"സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകാനാണ് താല്പര്യമെങ്കിൽ റെയിൽവേ ജോലി രാജിവെക്കണം" എന്നും ഉയർന്ന ഉദ്യോഗസ്ഥരെ പോലും പരിഹസിക്കുന്ന രീതിയിലാണ് വീഡിയോകളെന്നും എക്സിൽ (Twitter) ഒരാൾ പങ്കുവെച്ച വിമർശനം ശ്രദ്ധിക്കപ്പെട്ടതോടെയാണ് അധികൃതർ ഇടപെട്ടത്.
വിഷയം ഗൗരവകരമായതോടെ ഡൽഹി ഡിവിഷൻ റെയിൽവേ മാനേജർ നേരിട്ട് ഇടപെട്ടു. ജോലിസ്ഥലത്ത് വെച്ച് റീൽസുകൾ പോസ്റ്റ് ചെയ്യുന്നത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മോണി നയിന് കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന രീതിയിലുള്ള വീഡിയോകൾ നീക്കം ചെയ്യാൻ ഡിആർഎമ്മിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും നിർദ്ദേശം നൽകി.
ഉത്തരവ് ലഭിച്ചതിന് പിന്നാലെ മോണി നയിൻ തന്റെ പ്രൊഫൈലിൽ നിന്ന് യൂണിഫോം ധരിച്ചുള്ള വീഡിയോകൾ നീക്കം ചെയ്തു. നിലവിൽ വ്യക്തിപരമായ യാത്രകളുടെയും ലൈഫ്‌സ്റ്റൈൽ വീഡിയോകളും മാത്രമാണ് ഇവർ പങ്കുവെക്കുന്നത്. സർക്കാർ ജീവനക്കാർ ജോലിസമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലെ പരിധികൾ ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.