Share this Article
News Malayalam 24x7
മുഖ്യമന്ത്രിയെ തീരുമാനിക്കാതെ കോണ്‍ഗ്രസ്; പിന്തുണ ഫ്ലക്സുകൾ നീക്കി തുടങ്ങി
Kerala CM Race

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരിൽ ഒരാളെ മുഖ്യമന്ത്രിയായി നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മൂന്ന് നേതാക്കളുമായും വെവ്വേറെ ചർച്ചകൾ നടത്തിയിരുന്നു. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, ദീപ ദാസ് മുൻഷി എന്നിവർ നൽകിയ റിപ്പോർട്ടിന്റെയും എംഎൽഎമാരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുക്കുക.

മുഖ്യമന്ത്രി പദത്തിനായി മൂന്ന് നേതാക്കളും ശക്തമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. 40-ലധികം എംഎൽഎമാരുടെ പിന്തുണ കെ.സി വേണുഗോപാലിനുണ്ടെന്നാണ് വിവരം. അതേസമയം, തനിക്ക് ലഭിക്കുന്ന വലിയ ജനപിന്തുണയും അണികളുടെ ആവേശവും വി.ഡി സതീശൻ ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഉമ്മൻ‌ചാണ്ടിക്ക് ശേഷം പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവ് എന്ന പരിഗണന തനിക്ക് ലഭിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.

മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ അണികൾക്കിടയിലുണ്ടായ പോസ്റ്റർ യുദ്ധത്തിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രകടനങ്ങൾ പാർട്ടിയുടെ വിജയത്തിന്റെ ശോഭ കെടുത്തുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്ന് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും അടിയന്തരമായി നീക്കം ചെയ്യാൻ കെപിസിസി നിർദ്ദേശം നൽകി.


ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. സോണിയ ഗാന്ധിയുടെ നിലപാടും ഈ കാര്യത്തിൽ നിർണായകമാകും. കേരളം ഉറ്റുനോക്കുന്ന ആ വലിയ പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories