പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വ്യാജ വാര്‍ത്തകള്‍ നല്‍കുന്നു എന്നാരോപിച്ച് CNN, MS NOW, POLITICO തുടങ്ങിയ ചാനലുകള്‍ക്ക് വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഈ മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധവും വ്യാജവുമായ കാര്യങ്ങളാണ് തനിക്കെതിരെയും സര്‍ക്കാരിനെതിരെയും റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. വിലക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റിനെയും ഭരണകൂടത്തെയും കുറിച്ച് വ്യാജമായ കഥകളും നുണകളും പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ലെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ മാധ്യമങ്ങള്‍ക്ക് സമാനമായ നിരോധനം ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.